തൃശൂർ: ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണമെന്ന് പ്രസ്താവന ആവർത്തിച്ച് ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. 50 വർഷമായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും അതാണ് താൻ ചോദ്യം ചെയ്തത്. പോലീസ് അല്ല ഏത് നിയമം വന്നാലും തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഗോപാലകൃഷ്ണൻ. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് എൻ. നഗരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഗോപാലകൃഷ്ണൻ വർഗീയ പരാമർശം ആദ്യം നടത്തിയത്. ‘ഹിന്ദു എംഎൽഎ' പരാമർശത്തിൽ ഗോപാലകൃഷ്ണനെതിരെ ഗുരുവായൂർ പോലീസ് കേസെടുത്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറുടെ നിർദേശപ്രകാരം തൃശൂർ ജില്ലാ കളക്ടറാണ് ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ നിർദേശിച്ചത്. 1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദേശിച്ചത്. എന്നാൽ കേസെടുത്താലും താൻ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്.
ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്റെ പരാമർശമാണ് വിവാദമായത്.